കണ്ണൂർ: ഭർത്താവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന ഭാര്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി.
പെരിങ്ങോം വയക്കര മൂളിപ്ര ചാക്കോച്ചൻ (കുഞ്ഞുമോൻ, 60) വധക്കേസിൽ പ്രതിയായ ഭാര്യ റോസമ്മയെ ആണ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത് .നടന്നത് ക്രൂരമായ കൊലപാതകമാണെന്നും പ്രതി ദയ അർഹിക്കുന്നില്ലെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിൽ ശിക്ഷാ വിധി ശനിയാഴ്ചത്തേക്ക് മാറ്റി. റോസമ്മയെ വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.
എന്തെങ്കിലും കോടതിയോട് പറയാനുണ്ടോയെന്ന് ചോദിച്ചപ്പോൾ തെറ്റ് ചെയ്തിട്ടില്ലെന്നും നിത്യരോഗിയാണെന്നുമായിരുന്നു റോസമ്മയുടെ പ്രതികരണം.
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെ എൻ പ്രശാന്താണ് റോസമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
2013 ജൂലായ് ആറിന് പുലർച്ചെയാണ് കൊലപാതകം നടന്നത്. പുലർച്ചെ വീടിന് സമീപത്തെ റോഡരികിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലേന്ന് രാത്രി വീട്ടിൽ നടന്ന വഴക്കിനിടെ റോസമ്മയും മകനും ചേർന്ന് ചാക്കോച്ചനെ അടിച്ചുകൊലപ്പെടുത്തിയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇരുമ്പ് പൈപ്പുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയോട്ടി തകർന്ന് തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്‌മാനായിരുന്നു ചാക്കോച്ചൻ. സംഭവം നടക്കുമ്പോൾ മകന് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് ഒഴിവാക്കി.
ചാക്കോച്ചന്റെ പേരിലുള്ള വസ്തു തന്റെ പേരിലേയ്‌ക്ക് മാറ്റിത്തരണമെന്ന് റോസമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വസ്തു എഴുതി നൽകാൻ ചാക്കോച്ചൻ വിസമ്മതിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം.കൊലയ്‌ക്കുശേഷം 30 മീറ്ററോളം അകലെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയി ഉപേക്ഷിച്ചു.















