തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്‌ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്നും സംസ്ഥാന ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നൽകി.
മദ്ധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇത് വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. മദ്ധ്യകിഴക്കൻ അറബിക്കടലിനും കർണാടക-വടക്കൻ കേരള തീരപ്രദേശങ്ങൾക്കും മേൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടൽ തീവ്ര ന്യൂനമർദ്ദവും ചേർന്നിരിക്കുകയാണ്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചത്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മദ്ധ്യബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.















