തിരുവനന്തപുരം: ശബരിമല ദ്വാരപാലകശിൽപങ്ങളിൽ പൂശിയ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങി തിരുവിതാകൂർ ദേവസ്വം ബോർഡ്. ദേവസ്വം വിജിലൻസാണ് ക്ഷേത്രങ്ങളിൽ നടക്കുന്ന തട്ടിപ്പിനെയും അഴിമതിയെയും കുറിച്ച് അന്വേഷണം നടത്തുന്നത്. വഴിപാടുകളിലെ ക്രമക്കേടുകൾ, ക്ഷേത്രങ്ങളിലെ പണം കൃത്യസമയത്ത് ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്താത്തത്, ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട മറ്റ് തട്ടിപ്പുകൾ എന്നിവയെ കുറിച്ചായിരിക്കും അന്വേഷണം നടക്കുക.
ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് ദേവസ്വത്തിന്റെ കീഴിലുള്ള നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഭക്തർ സമർപ്പിക്കുന്ന പണം ഉൾപ്പെടെ തട്ടിയെടുക്കുന്നതായാണ് ആരോപണം. സംഭവം പുറത്തുവരാത്ത രീതിയിൽ പാർട്ടിയും ദേവസ്വവും ഇടപ്പെട്ട് കേസ് ഒതുക്കുന്നതായികുന്നു പതിവ് രീതി. എന്നാൽ ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്ത സാഹചര്യത്തിലാണ് ദേവസ്വം അന്വേഷണത്തിന് ഇറങ്ങിത്തിരിച്ചിരുക്കുന്നത്.
ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി ജീവനക്കാർക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം വിജിലൻസ് അന്വേഷിക്കും.















