ന്യൂഡൽഹി: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയോട് കനികാത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുകയും അപരമാര്യദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ മദ്രസ ജീവനക്കാർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ജാമിയ എഹ്സാനുൽ ബനാത്ത് ഗേൾസ് മദ്രസിലാണ് സംഭവം നടന്നത്.
മദ്രസയിൽ സ്ഥിരമായി വരാത്തതിനാൽ പെൺകുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് വീണ്ടും ക്ലാസിൽ പ്രവേശിക്കണമെങ്കിൽ കനികാത്വം തെളിയിക്കുന്ന മെഡിക്കൽ പരിശോധന നടത്തണമെന്ന് മദ്രസ അധികൃതർ മാതാപിതാക്കളോട് നിർദേശിക്കുകയായിരുന്നു.
മദ്രസ ജീവനക്കാർ തന്റെ മകളെ അപമാനിച്ചെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നും പിതാവ് പ്രതികരിച്ചു. ഫീസ് അടച്ചിട്ടും സർട്ടിഫിക്കറ്റ് നൽകുകയോ ഫീസ് തിരികെ നൽകുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്.
പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മദ്രസ നൽകിയ രേഖകളുടെ പകർപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയിൽ മദ്രസയുടെ പ്രിൻസിപ്പിലിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ ആരോപണങ്ങൾ ശരിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രധാന അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.















