കോഴിക്കോട്: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും കവർന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തൻവീട്ടിൽ ജിതിൻ(31) ആണ് പിടിയിലായത്. കോഴിക്കോട് ടൗൺ പൊലീസ് തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചേവായൂർ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിക്ക് ഒരു മകനുണ്ട്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെട്ടത്. പിന്നാലെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പത്ത് പവന്റെ സ്വർണാഭരണങ്ങളും ആറ് ലക്ഷം രൂപയും ജിതിൻ കൈക്കലാക്കുകയും ചെയ്തു. പിന്നാലെ ഇയാൾ വിവാഹത്തിൽ നിന്നും പിൻമാറുകയും ചെയ്തു. യുവതിയെയും മകനെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















