തിരുവനന്തപുരം: സിപിഎമ്മും കോൺഗ്രസും ഒരു ചാനലിനെ കൂട്ടുപിടിച്ച് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ രാപ്പകൽ സമരത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്ന വ്യാജ വ്യവസായ ഭൂമി ക്രമക്കേട് ആരോപണത്തിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറുടെ പോസ്റ്റ്.
“പിണറായി വിജയൻ സർക്കാരിന്റെയും രാഹുലിന്റെ കോൺഗ്രസിന്റെയും അഴിമതികൾക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണം കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ടെന്ന് വ്യക്തം. ഒരു ചാനലിനെ കൂട്ടുപിടിച്ച് എനിക്കെതിരെ സിപിഎമ്മും രാഹുൽ ഗാന്ധിയുടെ കോൺഗ്രസും ഇന്ന് നടത്തിയ വ്യാജപ്രചാരണം കെട്ടിച്ചമച്ച നുണകളുടെ ആ പഴയ അടവ് തന്നെയായിരുന്നു.
കേരളത്തിലെ അഴിമതി നിറഞ്ഞ രാഷ്‌ട്രീയ സംസ്കാരവും, ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന “മതേതരത്വവും” ശുദ്ധീകരിക്കാനാണ് ഞാൻ കേരള രാഷ്‌ട്രീയത്തിലേക്ക് വന്നത്. വാസവന്റെ ഇടനിലക്കാരിൽ നിന്ന് ദേവസ്വം ബോർഡുകളെയും ശുദ്ധീകരിക്കേണ്ടതുണ്ടെന്നും ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ തിരിച്ചറിഞ്ഞതാണ്. ഒപ്പം തന്നെ, സംശയാസ്പദമായ കുറ്റകൃത്യങ്ങളുടെ ചരിത്രം പേറുന്നവർ ഉടമകളായ ഏതാനും മാധ്യമങ്ങളെയും ശുദ്ധീകരിക്കേണ്ടതുണ്ടെന്ന് ഞാനിന്ന് തിരിച്ചറിയുന്നു.
ഞങ്ങളുടെ വികസിത കേരളം എന്ന ലക്ഷ്യത്തിൽ ഈ ശുദ്ധീകരണങ്ങളെല്ലാം ഉൾപ്പെടുന്നുമുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്നും ഒരു മാറ്റം വേണ്ടതുണ്ടെന്നും ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. സിപിഎമ്മിനോടും കോൺഗ്രസിനോടും എനിക്ക് ഒന്നേ പറയാനുള്ളൂ. ഈ ശുദ്ധീകരണം പൂർത്തിയാക്കി, മാന്യമായി അദ്ധ്വാനിക്കുന്ന കേരളീയർ ആഗ്രഹിക്കുന്ന മാറ്റവും വികസനവും സമൃദ്ധിയും കൊണ്ടുവരുന്നത് വരെ ഞാൻ ഒരിടത്തും പോകില്ല”- രാജീവ് ചന്ദ്രശേഖർ.















