മുംബൈ: പാക് അൽ ഖ്വയ്ദ അടക്കമുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ള യുവ സോഫ്റ്റ്‍വെയർ എഞ്ചിനിയർ മഹാരാഷ്ട്രയിൽ അറസ്റ്റിൽ. പുനെ സ്വദേശി സുബൈർ ഹംഗർഗേക്കറെ (35) മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്ക്വഡാണ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ താമസ സ്ഥലത്ത് നിന്നും അൽഖ്വയ്ദയുമായി ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു. 19 ലാപ്‌ടോപ്പുകളും 40 മൊബൈൽ ഫോണുകളും എ.ടി.എസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ഗാഡ്ജറ്റുകൾ ഡിജിറ്റൽ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
എഞ്ചിനിയറിംഗ് ബിരുദധാരിയാണ് സുബൈർ. കല്യാണിനഗർ ആസ്ഥാനമായുള്ള ഒരു ഐടി സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ ടെസ്റ്ററാണ് ഇയാൾ. സോളാപൂർ സ്വദേശിയായ സുബൈർ ഭാര്യയും രണ്ട് കുട്ടികളുമൊത്ത് പൂനെയിലാണ് താമസിക്കുന്നത്.
കുറച്ചുകാലാമായി എസ്എടി ഇയാളുടെ നീക്കങ്ങൾ നീരീക്ഷിക്കുകയാണ്. യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക യുഎപിഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 4 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഈ മാസമാദ്യം ഡൽഹിയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ള രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. എംഡി അദ്നാൻ ഖാൻ എന്ന അബു മുഹാരിബ് (19), ഭോപ്പാലിൽ നിന്നുള്ള അദ്നാൻ ഖാൻ എന്ന അബു മുഹമ്മദ് (20) എന്നിവരാണ് പിടിയിലായത്. സിറിയയിൽ ഐഎസ് അവസാനിച്ചെങ്കിലും ലോകത്തിന്റെ മറ്റിടങ്ങളിൽ ഇവ വീണ്ടും ശക്തിപ്രാപിക്കുന്നതായാണ് റിപ്പോർട്ട്. ഐഎസിന്റെ ഓൺലൈൻ റാഡിക്കലൈസേഷൻ വിഭാഗം വീണ്ടും സജീവമാകുന്നു എന്നാണ് നിലവിലുള്ള അറസ്റ്റുകൾ വ്യക്തമാക്കുന്നത്.















