മലപ്പുറം: പുത്തനത്താണിയിൽ കാർ ബൈക്കിലിടിച്ച് നവ ദമ്പതികൾക്ക് ദാരുണാന്ത്യം. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ അഹമ്മദ് കുട്ടി മാഷിന്റെ മകൻ സിദ്ധീഖ്, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരിച്ചത്. ഏഴു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
ഇന്ന് രാവിലെ പുത്തനത്താണി തിരുനാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാൽ നഗറിലാണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ദമ്പതികളിൽ ഒരാൾ മരിച്ചു. മറ്റേയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.















