ബെംഗളൂരു : സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കാനുള്ള നീക്കത്തിൽ കർണാടക സർക്കാരിന് കനത്ത തിരിച്ചടി. സ്വകാര്യ സംഘടനകൾ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പ്രവർത്തനം നടത്താൻ മുൻകൂർ അനുമതി വാങ്ങണമെന്ന ഉത്തരവിന് സ്റ്റേ. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ഹൈക്കോടതി ബെഞ്ചാണ് സ്റ്റേ ചെയ്തത്.ആർഎസ്‌എസ് പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമായിട്ടാണ് ഈ ഉത്തരവ് കാണപ്പെട്ടിരുന്നത്.
ഹുബ്ബള്ളി ആസ്ഥാനമായുള്ള പുനശ്ചേതന സേവാ സംസ്‌ഥേ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടന നൽകുന്ന അവകാശം ഒരു സർക്കാർ ഉത്തരവിന് എടുത്തുകളയാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു . കേസ് വിശദ വാദത്തിനായി നവംബർ 17-ലേക്ക് മാറ്റി വച്ചു.















