എറണാകുളം: യുവാവിനെ മർദ്ദിച്ചു കൊടുങ്ങല്ലൂരിൽ വഴിയിൽ തള്ളിയ സംഭവത്തിൽ അഗതി മന്ദിരം നടത്തിപ്പുകാരനും സഹായികളും അറസ്റ്റിൽ
കൂനമാവ് ഇവാഞ്ചലോ ആശ്രമം നടത്തിപ്പുകാരൻ പാസ്റ്റർ അമൽ, സഹായികളായ നിതിൻ , ആരോമൽ എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകശ്രമം , ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി അന്വേഷണ സംഘം പറയുന്നു. വരാപ്പുഴ പോലീസ് സ്റ്റേഷന് കീഴിലും കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തും
എന്നാൽ അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചിട്ടില്ല. നിലവിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്
ഗുരുതരമായി പരിക്കേറ്റ അരൂർ സ്വദേശി സുദർശൻ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.കഴിഞ്ഞ മാസം 22 നാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപത്ത് വഴിയരികിൽ സുദർശൻ എന്ന 44 കാരനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. ജനനേന്ദ്രിയത്തിന് ചതവ് സംഭവിക്കുകയും ശരീരത്തിൽ കുത്തേറ്റ പാടും ഉണ്ടായിരുന്നു .
എറണാകുളത്ത് വഴിയാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സുദർശനനെ കഴിഞ്ഞ 18ന് കൊച്ചി സെൻട്രൽ പൊലീസ് പിടികൂടി കൂനമ്മാവിലെ ഇവാഞ്ചലോ അഗതി മന്ദിരത്തിൽ എത്തിക്കുകയായിരുന്നു. അവിടെയും മാനസിക അസ്വാസ്ഥ്യം കാണിച്ച സുദർശനെ ഇവർ അതിക്രൂരമായി മർദ്ദിച്ചു. സ്ഥിതി ഗുരുതരമായപ്പോൾ ഈ മാസം 22 ന് അവരുടെ വാഹനത്തിൽ കൊടുങ്ങല്ലൂർ കൊണ്ടുവന്ന ഉപേക്ഷിക്കുകയായിരുന്നു.















