തിരുവനന്തപുരം: കേരളസർവകലാശാലയിൽ സംസ്കൃതം അറിയാത്തയാൾക്ക് പിഎച്ച്ഡി നൽകാൻ ശുപാർശ നൽകിയെന്ന് പരാതി. എസ്എഫ്ഐ പ്രവർത്തകനെതിരെയാണ് പരാതി ഉയരുന്നത്. ശുപാർശ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി സിഎൻ വിജയകുമാരി വിസിക്ക് പരാതി നൽകിയിട്ടുണ്ട്.
കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനെതിരെയാണ് പരാതി ഉയരുന്നത്. പിഎച്ച്ഡി ബിരുദം നൽകുന്നതിന് മുന്നോടിയായി ഈ മാസം 15-ന് നടന്ന ഓപ്പൺ ഡിഫൻസിലാണ് പിഎച്ച്ഡി നൽകാൻ പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തത്. എന്നാൽ ഒരു ചോദ്യത്തിനും വിപിൻ വിജയൻ ഉത്തരം നൽകിയില്ല. മാത്രവുമല്ല, മലയാളത്തിലോ ഇംഗ്ലീഷിലോ പോലും മറുപടി പറഞ്ഞില്ല. ഇത്തരത്തിൽ സംസ്കൃതം പോലും അറിയാത്ത ആൾക്ക് എങ്ങനെയാണ് പിഎച്ച്ഡി നൽകുന്നതെന്നാണ് ചോദ്യം.
വിദ്യാർത്ഥിക്ക് വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഓൺലൈനിൽ പങ്കെടുത്തവർ രേഖാമൂലം അറിയിച്ചിരുന്നു. റിസർച്ച് മെത്തഡോളജി, കണ്ടെത്തലുകൾ എന്നിവയിലും പിഴവുണ്ടെന്ന് ഡീൻ പറയുന്നുണ്ട്.
തെറ്റില്ലാതെ ഒരു ആഖ്യാനം ഇംഗ്ലീഷ് ഭാഷയിൽ സമർപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും ഓപ്പൺ ഡിഫൻസിൽ പങ്കെടുത്ത വകുപ്പുമേധാവിയായ ഡീൻ വിസിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.















