ഗോവ: അധോലോക സംഘത്തലവൻ ദാവൂദ് ഇബ്രാഹിമിന്റ കൂട്ടാളി ഡാനിഷ് ചിക്നയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടികൂടി. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
ഇന്നലെ അർദ്ധരാത്രി ഗോവയിൽ നിന്നാണ് ഡാനിഷ് ചിക്നയയെ കസ്റ്റഡിയിലെടുത്തത്. ഡാനിഷ് മർച്ചന്റ് എന്നാണ് ഇയാളുടെ യാഥാർത്ഥ പേര്. ദാവൂദ് ശൃംഖലയ്‌ക്ക് കീഴിലുളള മുംബൈ ഡോംഗ്രിയിൽ ഒരു മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനാണ് ഇയാൾ. പച്ചക്കറി ഗോഡൗണിന്റെ മറവിലായിരുന്നു ഡോംഗ്രിയിൽ മയക്കുമരുന്ന് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. 2019 ൽ ഈ മയക്കുമരുന്ന് നിർമ്മാണ ഫാക്ടറി എൻസിബി അടച്ചുപൂട്ടിയിരുന്നു. അന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന രാസലഹരിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
ഏറെ കാലമായി എൻസിബി ഇയാൾക്കായി വലവിരിച്ചു കാത്തിരിക്കുകയായിരുന്നു. ഗോവയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക എൻസിബി സംഘത്തിന്റെ ഓപ്പറേഷൻ. അധോലോക മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരെ എൻസിബിയുടെ സുപ്രധാന ചുവടുവയ്പ്പാണ് അറസ്റ്റ് .















