രാജ്യത്ത് ചുവപ്പ് ഭീകര അന്ത്യശാസം വലിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അന്ത്യശാസനം നൽകിയതോടെ നൂറുകണക്കിന് മാവോയിസ്റ്റുകളാണ് മുഖ്യധാരയിലേക്ക് വരുന്നത്. ഇതിനിടെയാണ് ധനഞ്ജയിന്റെയും ദീനേശിന്റെയും ജീവിതം വാർത്തകളിൽ നിറയുന്നത്. ആയുധം ഉപേക്ഷിച്ച് കീഴടങ്ങിയ ഇവർ ഇപ്പോൾ രക്തബാങ്കിൽ സുരക്ഷാ ജീവനക്കാരാണ്
ഒഡീഷയിലെ മൽക്കാൻഗിരി സ്വദേശിയായ ധനഞ്ജയ് എന്ന സുധിറാണ് മുഖ്യധാരയിൽ തിരിച്ചെത്തി സമാധാനപരമായ ജീവിതം നയിക്കുന്നതിൽ ഒരാൾ.
നിരോധിത സംഘടനയായ സിപിഎം മാവോയിസ്റ്റിന്റെ ഗുമ്മ ഡിവിഷൻ കമ്മിറ്റി അംഗമായിരുന്നു യുവാവ്. ഒന്നര പതിറ്റാണ്ടോളം മാവോയിസം എന്ന പേരിൽ ക്രൂരകൃത്യങ്ങൾ ചെയ്തു കൂട്ടിയ ധനഞ്ജയ് 2019 ഫെബ്രുവരിയിലാണ് കോരാപുട്ട് പൊലീസിന് മുന്നിൽ ആയുധം വച്ച് കീഴടങ്ങിയത്. കൊലപാതകം, തീവയ്പ്പ് തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ യുവാവിനെതിരെ ഉണ്ടായിരുന്നു.അന്ന് സർക്കാർ 5 ലക്ഷം രൂപ ധനസഹായമായി നൽകിയിരുന്നു. ഈ തുക ഉപയോഗിച്ച് ജീവിതം തിരിച്ചു പിടിക്കുന്നതിനിടെയാണ് ജോലിയും യുവാവിനെ തേടിയെത്തിയത്. നിലവിൽ മാൽക്കാൻഗിരി ബ്ലഡ് ബാങ്കിൽ സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുകയാണ് ധനഞ്ജയ്.
2015 ൽ കീഴടങ്ങിയ ബാലിമേല പ്രദേശത്തു നിന്നുള്ള മറ്റൊരു മുൻ മാവോയിസ്റ്റായ ദിനേശും ഇതേ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡാണ്. മാൽക്കാൻഗിരി കോരാപുട്ട് ബോർഡർ ഡിവിഷനിലെ സജീവ അംഗമായിരുന്നു ദിനേശ്. തങ്ങളുടെ പുതിയ ജീവിതത്തിൽ ഇരുവരും ഇന്ന് സംതൃപ്തരാണ്. കൂടാതെ അവർ പഴയ സഹപ്രവർത്തകരോട് മുഖ്യധാരയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഒരിക്കൽ തങ്ങൾ എതിർത്തിരുന്ന അതേ സമൂഹത്തിന് സുരക്ഷ നൽകുന്നു എന്നത് കാലത്തിന്റെ കാവ്യനീതിയാകാം.















