ന്യൂഡൽഹി: സ്കൂളുകളിൽ ആയുർവേദം പഠിപ്പിക്കാനുള്ള നീക്കവുമായി എൻസിഇആർടി. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ശാസ്ത്രപാഠപുസ്‍തകങ്ങളിലാണ് ആയുര്‍വേദ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയത്. പുരാതന ഭാരതീയ ശാസ്‍ത്ര രീതികളും സ്‍കൂൾ വിദ്യാര്‍ഥികളെ പഠിപ്പിക്കുകയാണ് ലക്ഷ്യം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് സ്‍കൂളുകളിൽ ആയുര്‍വേദം ഉൾപ്പെടുത്തിയത്. ഈ അക്കാദമിക് വര്‍ഷം മുതൽ മാറ്റം പ്രാബല്യത്തിലായി. പരമ്പരാഗത ആരോഗ്യ രീതികളെ കുറിച്ചും ആധുനിക ലോകത്ത് അവയുടെ ശാസ്ത്രീയ പ്രസക്തിയെ കുറിച്ചും വിദ്യാര്‍ത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
ഭക്ഷണം, വ്യായാമം, മാനസികാരോഗ്യം, ദിനചര്യം തുടങ്ങിവയാണ് പാഠ്യഭാഗങ്ങളിൽ ഉൾപ്പെടുത്തിയത്. ഹൈസ്‍കൂൾ തലത്തിലേക്കും ആയുര്‍വേദ പഠനം വ്യാപിപ്പിക്കാൻ എൻസിഇആർടി ലക്ഷ്യമിടുന്നു. സമാനമായി കോളേജുകളിലും സര്‍വകലാശാലകളിലും ആയുര്‍വേദ പഠനം ഉറപ്പാക്കും. ആയുര്‍വേദ കേന്ദ്രീകൃത പ്രത്യേക പാഠ്യപദ്ധതി UGCയും തയ്യാറാക്കുന്നുണ്ട്. രാജ്യത്തെ പരമ്പരാഗത വിജ്ഞാന – ശാസ്‍ത്ര സമ്പ്രദായങ്ങളെ ആധുനിക വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആയുഷ് മന്ത്രി പ്രതാപറാവു ജാദവാണ് പ്രഖ്യാപനം നടത്തിയത്. ശാസ്ത്ര വിഷയങ്ങൾക്ക് പുറമേ ആയുര്‍വേദ തത്വങ്ങൾ ഉൾപ്പെടുത്തി പുതിയ പാഠ്യപദ്ധതി NCERT വികസിപ്പിച്ചിട്ടുണ്ട്. മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പദ്ധതി തയാറാക്കുന്നത്.
യോഗ, പോഷകാഹാരം, വ്യായാമം, ജീവിതശൈലി തുടങ്ങിയ പാഠഭാഗങ്ങളെ ആയുര്‍വേദ ആശയങ്ങളുമായി സംയോജിപ്പിച്ചാണ് പരിപാടി. മറ്റ് പഠനങ്ങൾക്കൊപ്പം വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്ന വിദ്യാഭ്യാസ ചട്ടക്കൂടാണ് എൻസിഇആർടി ഉറപ്പാക്കുന്നത്. ആരോഗ്യം, ക്ഷേമം, സമഗ്രപഠനം എന്നിവയ്‌ക്ക് ഊന്നൽ നൽകുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം.















