അഹമ്മദാബാദ്: കശ്മീരിനെ മുഴുവനായും ഇന്ത്യയിലേക്ക് ലയിപ്പിക്കാൻ സർദാർ വല്ലഭ് ഭായ് പട്ടേൽ ആഗ്രഹിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേലിന്റെ ആഗ്രഹം സാധിക്കാതെ പോയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു കാരണമെന്നും മോദി പറഞ്ഞു. ഗുജറാത്തിൽ രാഷ്‌ട്രീയ ഏകതാ ദിവസിനോടനുബന്ധിച്ച് നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രം എഴുതാൻ സമയം കളയരുതെന്നും പകരം ചരിത്രം സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്യണമെന്നും സർദാർ വല്ലഭ് ഭായ് പട്ടേൽ വിശ്വസിച്ചിരുന്നു. മറ്റ് നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചതുപോലെ മുഴുവൻ കശ്മീരിനെയും ഒന്നിപ്പിക്കാൻ പട്ടേൽ ആഗ്രഹിച്ചു. പക്ഷേ, നെഹ്റു അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിക്കുന്നത് തടഞ്ഞു. കശ്മീരിനെ വിഭജിച്ചു. പ്രത്യേക ഭരണഘടനയും പ്രത്യേക പതാകയും നൽകി. കോൺഗ്രസിന്റെ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളോളം കഷ്ടപ്പെട്ടു.
പട്ടേൽ രൂപീകരിച്ച നയങ്ങളും അദ്ദേഹം എടുത്ത തീരുമാനങ്ങളും പുതിയ ചരിത്രം സൃഷ്ടിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം 550-ലധികം നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുക എന്ന ദൗത്യം പട്ടേലാണ് സാധ്യമാക്കിയത്. നുഴഞ്ഞുകയറ്റക്കാർക്കെതിരെ നിർണായകമായ പോരാട്ടം നടത്താൻ രാജ്യം തീരുമാനിച്ചിരുന്നു. ഓരോ നുഴഞ്ഞുകയറ്റക്കാരെയും ഇല്ലാതാക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.















