എറണാകുളം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളാണെന്നും സർക്കാർ പുറത്തുവിട്ട കണക്കുകൾ അടിസ്ഥാനമില്ലാത്തതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തൃപ്പൂണിത്തുറയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരു അടിസ്ഥാനവുമില്ലാത്ത പൊങ്ങച്ചമാണ് സംസ്ഥാനസർക്കാരിന്റെ റിപ്പോർട്ട്. സർക്കാർ ഖജനാവിൽ പണമില്ലാത്തതിനാൽ കേന്ദ്ര പദ്ധതികൾ അട്ടിമറിച്ചു. ഒരു രൂപയുടെ ചെലവ് സംസ്ഥാന സർക്കാരിന് ഇല്ലാതെ ഒരു കുടുംബത്തിന് 35 കിലോ അരി വീതം മോദി സർക്കാർ നൽകുന്നു. പാവപ്പെട്ടവർക്കുള്ള എല്ലാ പദ്ധതികളും മോദി സർക്കാരാണ് നൽകുന്നത്.
സംസ്ഥാനം പണം നീക്കി വെക്കാത്തതിനെ തുടർന്ന് പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ലൈഫ് മിഷനിൽ ഏഴ് ലക്ഷത്തോളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പല വീടുകളും പൂർത്തീകരിക്കാൻ കഴിയാതെ കിടക്കുകയാണ്. ഇവിടെ നടക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങളല്ലേ. അതിദാരിദ്രരെന്ന് കണ്ടെത്തിയ ആളുകളിൽ ഭൂരിഭാഗവും സിപിഎം പ്രവർത്തകർ. ദാരിദ്ര്യ മുക്തമാക്കാൻ സംസ്ഥാന സർക്കാർ സ്വന്തമായി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.















