റായ്പൂർ: ഛത്തീസ്ഗഢിൽ മാവോവാദം അവസാനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടെ ത്രിവർണ പതാക സ്ഥാപിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢ് സന്ദർശനത്തിനിടെ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ച് ഭരണഘടന അംഗീകരിച്ചു. രാജ്യവികസനത്തിന് ഛത്തീസ്ഗഢിലെ വനവാസി സമൂഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. മാവോവാദം കാരണം കഴിഞ്ഞ 55 വർഷമായി വനവാസികൾ അനുഭവിച്ച കഷ്ടപ്പാടുകൾ വേദനാജനകമാണ്. ഭരണഘടന പിന്തുടരുന്നതായി നടിക്കുന്നവരും സാമൂഹിക നീതിയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നവരും സ്വന്തം രാഷ്‌ട്രീയ നേട്ടത്തിനായി അനീതി ചെയ്തു.
മാവോവാദികളുടെ സാന്നിധ്യം കാരണം അടിസ്ഥാനസൗകര്യ വികസനം നടക്കാതെ പോയി. മാവോവാദം കാരണം വളരെക്കാലമായി ഛത്തീസ്ഗഢിലെ ആദിവാസി മേഖലകളിൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനം നടന്നില്ല. 11 വർഷങ്ങൾക്ക് മുമ്പ് മാവോവാദ നിയന്ത്രണത്തിലുള്ള ജില്ലകളുടെ എണ്ണം 150 ആയിരുന്നു. എന്നാലിന്ന് അത് മൂന്നായി ചുരുങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു.















