ന്യൂഡൽഹി: പരാതിക്കാരനെ “തന്തയില്ലാത്തവൻ (Bastard )” എന്ന് വിളിക്കുന്നത് എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ജാതി അധിക്ഷേപമായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി. ‘തന്തയില്ലാത്തവന്’ എന്ന് വിളിച്ചത് എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ജാതി അധിക്ഷേപമാണെന്ന പൊലീസിന്റെ വാദംസുപ്രീം കോടതി തള്ളി. തുടർന്ന് ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപത്തിന് കുറ്റാരോപിതനായ 55 കാരന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഹർജിക്കാരനെതിരെ എസ്സി/എസ്ടി ആക്ട് ചുമത്താനുള്ള കേരള പോലീസിന്റെ തീരുമാനത്തെ സുപ്രീം കോടതി ബെഞ്ച് “അതിശയകരം ” എന്ന് വിശേഷിപ്പിച്ചു. “ബാസ്റ്റാർഡ്” എന്ന വാക്ക് ഉപയോഗിക്കുന്നത് ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപത്തിന് തുല്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട രണ്ടംഗബെഞ്ചിന്റേതാണ് ഉത്തരവ്.
പരാതിക്കാരനെ ഏപ്രില്‍ 16 ന് വെട്ടുകത്തി കാണിച്ച് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് സിദ്ധാര്‍ത്ഥനെതിരെ കേരള പൊലീസ് കേസെടുത്തത്. പരാതിക്കാരനെ ‘ബാസ്റ്റാര്‍ഡ്’ എന്നു വിളിച്ചതായും ശാരീരികമായി പരിക്കേല്‍പ്പിച്ചതായും എഫ്ഐആറില്‍ പറയുന്നു. സ്വയം പ്രതിരോധിക്കുന്നതിനിടെ പരാതിക്കാരന്റെ കൈകളിൽ രക്തസ്രാവമുണ്ടായി.
എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷം, പ്രതി മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു, എന്നാൽ എസ്സി/എസ്ടി നിയമത്തിലെ സെക്ഷൻ 18 അത്തരം മുൻകൂർ ജാമ്യം വിലക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയിരുന്നു. മുൻ ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്തതിനാൽ, ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു.തുടർന്നാണ് സുപ്രീം കോടതി സിദ്ധാർത്ഥന് മുൻകൂർ ജാമ്യം അനുവദിച്ചത്.
1989 ലെ എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കുന്നതിൽ പോലീസ് അമിതമായ ഉത്സാഹത്തോടെ പ്രവർത്തിച്ചതായും ഇത് ജാമ്യം നിഷേധിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തെ സ്വാധീനിച്ചതായും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.















