തിരുവനന്തപുരം : യു.പി.എ സർക്കാർ ആവിഷ്ക്കരിച്ച ആധാർ അപക്വമായ രാഷ്‌ട്രീയ സമീപനവും കഴിവു കെട്ട സാങ്കേതികതയും സമന്വയിച്ച സംവിധാനമായിരുന്നുവെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിരീക്ഷണം ശരിവച്ച് പുറത്തു വന്ന കണക്കുകൾ. കേരളത്തിലെ ജനസംഖ്യയെക്കാൾ അരക്കോടിയിലധികം ആധാർ കാർഡുകൾ വിതരണം ചെയ്തുവെന്ന വിവരം നടുക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആധാറിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി വോട്ടർ പട്ടികയിൽ അനർഹർ കടന്നു കൂടിയെന്നും ബുധനാഴ്‌ച്ച കേരളത്തിൽ ആരംഭിക്കുന്ന എസ് ഐ ആർ ഏറെ അനിവാര്യമായ പ്രക്രിയയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ജനസംഖ്യ 3.60 കോടിയാണ്. എന്നാൽ കേരളത്തിൽ വിതരണം ചെയ്തിരിക്കുന്ന ആധാർ കാർഡുകളുടെ എണ്ണം 4.10 കോടിയും. കേരളത്തിൽ 49 ലക്ഷത്തിലധികം ആധാർ കാർഡുകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഏറെ ആശങ്കയുളവാക്കുന്ന വെളിപ്പെടുത്തലാണ്. ആധാർ കാർഡുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം വളരെ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്,കർണാടക, മഹാരാഷ്‌ട്ര,പഞ്ചാബ്,രാജസ്ഥാൻ, തമിഴ്നാട്,തെലങ്കാന,ത്രിപുര, ഉത്തരാഖണ്ഡ്,പശ്ചിമബംഗാൾ എന്നിവിടങ്ങളിലും ഈ വ്യത്യാസം കാണപ്പെടുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുപിഎ സർക്കാർ ആധാർ പദ്ധതി നടപ്പിലാക്കിയതു മുതൽ തന്നെ അതിന്റെ ഡാറ്റാബേസിനെക്കുറിച്ചും ആധാർ രൂപകൽപ്പന ചെയ്ത രീതിയെക്കുറിച്ചും കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങളുടെ (സെൻട്രൽ മോണിറ്ററിംഗ് സിസ്റ്റം) പരിമിതികളെക്കുറിച്ചുമെല്ലാമുള്ള ഗൗരവതരമായ ആശങ്കകൾ നിരന്തരം ഉന്നയിച്ചിരുന്നതാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രസ്തുത ആശങ്കകൾ ശരി വെക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
രാജ്യസഭയിൽ പ്രതിപക്ഷഅംഗമായിരിക്കെ യുപിഎ സർക്കാർ ആധാർ അവതരിപ്പിച്ചതിലെ അലസമായ രീതിയെ 2010 മുതൽ തന്നെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ”ആധാർ ഡാറ്റാബേസിൽ നിരവധി വ്യാജ എൻട്രികൾ ഉണ്ട്. അതിൽ പാക്കിസ്ഥാനി ചാരന്മാരും ഉൾപ്പെടുന്നു. ഇത് ആധാർ ഡാറ്റാബേസ് വളരെ മോശമായ രീതിയിൽ രൂപപ്പെടുത്തിയതാണെന്ന് തെളിയിക്കുന്നതാണ്. 2016ൽ രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്‌ഥാനത്തിലാണ് കേരളത്തിൽ 49 ലക്ഷം അധിക ആധാർ കാർഡുകളുണ്ടെന്ന വിവരം പുറത്തു വന്നത്.















