തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ ഗുരുതര അനാസ്ഥ, ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു ഓട്ടോ ഡ്രൈവറായ വേണുവിന്റെ മരണം.
ആശുപത്രിയിൽ നിന്നും വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അടിയന്തരമായി ആൻജിയോഗ്രാമിന് എത്തിച്ചിട്ട് ആറ് ദിവസമായിട്ടും ആശുപത്രി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും വേണു ഇതിൽ പറയുന്നുണ്ട്. വെള്ളിയാഴ്‌ച രാത്രിയാണ് വേണു മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയത്.
നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളജിൽ നിന്നും രോഗികളെ തിരിഞ്ഞുനോക്കില്ല. താൻ മരിച്ചാൽ അതിന്റെ ഉത്തരവാദിത്തം ആശുപത്രിയ്‌ക്കായിരിക്കുമെന്നും വേണു പറയുന്നുണ്ട്. ഈ ശബ്ദ സന്ദേശം അയച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് വേണു മരണപ്പെട്ടത്.















