ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാരിസ ബൊണേസി. എന്ത് ഭ്രാന്താണിതെന്നും വോട്ടിനായി തന്റെ ചിത്രം ദുരുപയോഗം ചെയ്യുകയാണെന്നും ലാരിസ വിമർശിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഒരു ഭീകര തമാശ പറയാം എന്ന് പറഞ്ഞാണ് ലാരിസ വിഷയത്തെ കുറിച്ച് സംസാരിച്ചുതുടങ്ങിയത്. ഇന്ത്യയിൽ വോട്ടിനായി എന്റെ ചിത്രം ഉപയോഗിക്കുകയാണ്. എന്നാൽ അത് എന്റെ പഴയ ഫോട്ടോയാണ്. അവർക്ക് പരസ്പരം പോരടിക്കാൻ എന്റെ ചിത്രം ഉപയോഗിക്കുന്നു. എന്ത് ഭ്രാന്താണെന്ന് നോക്കൂ. ഒരുപാട് മാദ്ധ്യമപ്രവർത്തകർ എന്നെ കാണാൻ വന്നു. ചിലർ എന്റെ ജോലിസ്ഥലത്ത് വന്നുവരെ എന്നെ കുറിച്ച് അന്വേഷിച്ചു. ഇൻസ്റ്റഗ്രാമിൽ ഒരുപാട് ഇന്ത്യൻ ഫോളോവേഴ്സിനെ എനിക്ക് കിട്ടി. പക്ഷേ, തനിക്ക് ഹിന്ദി അറിയില്ലെന്നും നമസ്തേ എന്ന് പറയാൻ മാത്രമേ അറിയുള്ളൂവെന്നും ലാരിസ വീഡിയോയിൽ പറഞ്ഞു.
ഹരിയാനയിൽ ലാറിസയുടെ ചിത്രം ഉപയോഗിച്ച് 22 തവണ വ്യാജ വോട്ട് ചെയ്തുവന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള രാഹുലിന്റെ സ്ഥിരം വോട്ട് ചോരി ആരോപണത്തിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു രൂക്ഷമായി വിമർശിച്ചിരുന്നു.















