തിരുവനന്തപുരം മെഡിക്കൽ കോളജിലെ അനാസ്ഥയുടെ അഴിമതിയുടെ തെളിവായി വേണുവിന്റെ അവസാന ശബ്ദ സന്ദേശം. ഇന്നലെ രാത്രിയാണ് മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കൊല്ലം പന്മന സ്വദേശി വേണു (48) മരിച്ചത്.
മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മെഡിക്കൽ കോളജിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. ചികിത്സ ലഭിക്കാത്തതിനാൽ താൻ ഏത് നിമിഷം വേണമെങ്കിലും മരണപ്പെടുമെന്ന അദ്ദേഹം ഭയന്നിരുന്നു. ഹൃദയം നിറുങ്ങുന്ന നിരാശയോടെയാണ് അദ്ദേഹം സുഹൃത്തിന് അവസാന സന്ദേശം അയച്ചത്.
‘തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൊത്തത്തിൽ ഭയങ്കര അഴിമതിയാണ്. വെള്ളിയാഴ്ച രാത്രി എമർജൻസി ആൻജിയോഗ്രാം ചെയ്യാൻ ഇവിടെ വന്നതാണ്. ഇന്ന് ബുധനായി. അവരുടെ ഉദാസീനത കൊണ്ടും അലംഭാവം കൊണ്ടും എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരിച്ചാൽ ഈ ഓഡിയോ നീ പുറത്തുവിടണം.
കണ്ണൂരിൽ ആശുപത്രിയിൽ കേറി ഡോക്ടറെയും നേഴ്സിനെയും പിതാവ് കൈകാര്യം ചെയ്തില്ലേ, അത് ചെയ്ത് പോകുന്നതാ. എന്തെങ്കിലും കാര്യം ആരെങ്കിലും വന്ന്
ചോദിച്ചുകഴിഞ്ഞാൽ ഇവർ ഒരക്ഷരം മറുപടിയില്ല. യൂണിഫോമിട്ടിരിക്കുന്നവരോട് ചോദിച്ചു കഴിഞ്ഞാൽ നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും തിരിഞ്ഞുനോക്കില്ല. കൈക്കൂലിയുടെ ബഹളമാണ് ഇവിടെ. കൈക്കൂലി വാങ്ങിച്ചുകൊണ്ടാണോ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് വ്യക്തമല്ല. റൗണ്ട്‌സിന് പരിശോധിക്കാൻ വന്ന ഡോക്ടറോട് ആൻജിയോഗ്രാം എപ്പോഴായിരിക്കുമെന്ന് ചോദിച്ചപ്പോൾ അവർക്ക് യാതൊരു ഐഡിയയുമില്ല.
തിരുവനന്തപുരം പോലൊരു സ്ഥലത്ത് ഒരു കുടുംബത്തിലെ രണ്ട് പേർ നിൽക്കണമെങ്കിൽ എത്ര രൂപ ചെലവാകുമെന്നറിയാമോ. സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമായിരിക്കേണ്ട സർക്കാർ ആതുരാലയം ജീവന്റെയും ശാപമായിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് നരകഭൂമിയാണ്.
ഞാൻ അറിവില്ലാതെ വന്ന് ഇവിടെ വീണുപോയി. എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ ഇവിടത്തെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഈ വോയിസ് പുറംലോകത്തെ അറിയിക്കണം.’ വേണു ശബ്ദ സന്ദേശത്തിൽ പറഞ്ഞു.
ഓട്ടോ ഡ്രൈവറാണ് വേണു. ഗുരുതരാവസ്ഥയിലായ വേണുവിനെ ഒക്ടോബർ 31 നാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയച്ചത്. അനാസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.















