തിരുവനന്തപുരം: ഹൈന്ദവ മഹാസംഗമമായ കുംഭമേളയ്‌ക്ക് മലയാളക്കരയും വേദിയാകാൻ ഒരുങ്ങുന്നു.ഹരിദ്വാർ, ഉജ്ജയിൻ, നാസിക്, പ്രയാഗ്‌രാജ് തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ മാത്രം നടക്കാറുള്ള ഈ മഹാതീർത്ഥാടനത്തിന് മലപ്പുറത്തെ തിരുനാവായയാണ് സാക്ഷിയാകുക.
തിരുനാവായയിലെ പ്രസിദ്ധമായ നാവാമുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് വെച്ച് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെയാണ് കുംഭമേള സംഘടിപ്പിക്കുക.മേളയുടെ സംഘാടനത്തിനായി നവംബർ 23ന് ചേരുന്ന യോഗത്തിൽ സ്വീകരണ സമിതിക്ക് രൂപം നൽകും.
രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുന അഖാരയാണ് കേരളത്തിലെ കുംഭമേളയ്‌ക്കും നേതൃത്വം നൽകുന്നത്. ജുന അഖാരയിലെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കുംഭമേളയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അദ്ദേഹം കഴിഞ്ഞ ബുധനാഴ്ച തിരുനാവായ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു.
2028- ൽ തിരുനാവായയിൽ സംഘടിപ്പിക്കാൻ പോകുന്ന മഹാ മഖത്തിന് മുന്നോടിയായിട്ടായിരിക്കും ഈ കുംഭമേള. എന്നോ നിന്നു പോയിരുന്ന മാമാങ്കം ചടങ്ങുകൾ തിരുനാവായയിൽ വീണ്ടും തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ മുമ്പേ ആരംഭിച്ചിരുന്നു. 2016ൽ ഭാരതപ്പുഴയുടെ തീരത്ത് നദീപൂജാ ചടങ്ങുകൾ നടത്തിയാണ് ഇതിന് തുടക്കം കുറിച്ചത്. 2016ൽ തുടങ്ങിയ ഈ ചടങ്ങുകളുടെ തുടർച്ചയായി 12 വർഷങ്ങൾക്ക് ശേഷം 2028-ൽ വിപുലമായ മഹാ മഖം (കുംഭമേള) ആഘോഷിക്കാനായിരുന്നു തീരുമാനം. അതിനുള്ള ഒരുക്കമെന്ന നിലയിലാണ് 2026-ലെ കുംഭമേള ചടങ്ങുകൾ നടക്കുന്നത്.
കുംഭമേളയ്‌ക്കായി മലബാർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളുടെയും കേരളത്തിലെ ആശ്രമങ്ങളുടെയും മറ്റ് അഖാരകളിൽ നിന്നുള്ള വിശ്വാസികളുടെയും സഹകരണം ജുന അഖാര തേടും.















