പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Published by
Renjith Kaanjirathil

തിരുവനന്തപുരം : സർവ്വകലാശാലയുടെ പരമോന്നത ബിരുദമായ പിഎച്ച്ഡി സംസ്‌കൃത പഠന ത്തിൽ അവാർഡ് ചെയ്യുന്നത് സംബന്ധിച്ച സർവ്വകലാശാല ഡീനിന്റെ പരാതി ‘കേരള’ വിസി യുടെ പരിഗണന യിലിരിക്കവേ ഗവേഷക വിദ്യാർഥി ജാതി വിവേചനം നേരിടുന്നതായ പ്രൊ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി.

“‘കേരള’യിൽ പിഎച്ച്ഡി പ്രബന്ധങ്ങൾ രാഷ്‌ട്രീയവും ജാതീയവുമായ വിവേചനങ്ങളുടെ അടിസ്ഥാനത്തിൽ പരിഗണിക്കുന്നതായ മന്ത്രിയുടെ പ്രസ്താവന സമൂഹത്തിൽ തെറ്റായ സന്ദേശം നൽകാൻ മാത്രമേ സഹായകമാവുകയുള്ളൂ. സാങ്കേതികതയിൽ മാത്രം ഊന്നി അവാർഡ് ചെയ്യാനുള്ളതല്ല പി എച്ച്ഡി ബിരുദം. അത്തരത്തിൽ അനായാസേന പിഎച്ച്ഡി ബിരുദം നേടുന്ന അവസരങ്ങൾ സംസ്ഥാനത്ത് മുൻപ് ഉണ്ടായിട്ടുണ്ടെന്നത് കണക്കിലെടുത്താവാം മന്ത്രിയുടെ പ്രസ്താവന.

സർവ്വകലാശാല അവാർഡ് ചെയ്ത പിഎച്ച്ഡി പ്രബന്ധങ്ങളിൽ ചിലത് നിലവാരമില്ലാത്തതാണെന്ന ആക്ഷേപങ്ങൾ മുമ്പും ഉയർന്നിട്ടുണ്ട്.
പിഎച്ച്ഡി ബിരുദം പൂർണ്ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം അവാർഡ് ചെയ്യപ്പെടേണ്ട ഒന്നാണ്. പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതി വിവേചനം ആരോപിക്കുന്ന പ്രവണത അപലപനീയമാണ്. വിവാദമായിരിക്കുന്ന സംസ്കൃത പി എച്ച് ഡി, അവാർഡ് ചെയ്യുന്നതിന് മുമ്പ് ബന്ധപ്പെട്ട ഡീനിന്റെയും ചെയർമാന്റെയും റിപ്പോർട്ടുകളിന്മേൽ ഉന്നത സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്താൻ വിസി തയ്യാറാവുകയാണ് വേണ്ടത്.

ഓപ്പൺ ഡിഫൻസിൽ ആളെക്കൂട്ടി ബഹളം വച്ചും, വ്യത്യസ്ത അഭിപ്രായം ഉന്നയിക്കുന്നവരെ ബ്ലാക്ക് മെയിൽ ചെയ്തും, സ്വന്തം പ്രബന്ധത്തിലെ ഉള്ളടക്കമെന്തെന്നറിയാതെയും നേടാനുള്ളതല്ല സർവ്വകലാശാലയുടെ പരമോന്നത ബിരുദമായ പിഎച്ച്ഡി എന്ന് ഓർക്കേണ്ടതാണ്”.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ R.Sശശികുമാർ, ചെയർമാൻ പ്രസ്താവനയിൽ പറഞ്ഞു.

Share
Leave a Comment