ഹരിപ്പാട് : പള്ളിപ്പാട് നെടുംതറ സ്വദേശിയും സാമൂഹിക പ്രവർത്തകനും കലാകാരനുമായ മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ഹൃദ്രോഗിയായ അമ്മയുടെ ഏക ആശ്രയവും സംരക്ഷകനും ആയിരുന്ന മഹേഷ് തമ്പി കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്‌ക്കിടെ ഇടുക്കിയിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച സുഹൃത്തുക്കളായ ഷംനാദ് കൊച്ചുമോൻ അബാസ് തുടങ്ങിയവരോടൊപ്പം ഇടുക്കിയിലേക്ക് വിനോദയാത്ര പോയതാണ് മഹേഷ് തമ്പി. അവിടെവച്ചാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ കൂട്ടത്തിൽ ഒരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും കാറിൽ കടന്നുകളഞ്ഞ ഷംനാദിനെയും സുഹൃത്തുക്കളെയും കേസെടുത്തു വിശദമായി ചോദ്യം ചെയ്യണമെന്നാണ് നാട്ടുകാരുടെയും, കുടുംബാംഗങ്ങളുടെയും ആവശ്യം.
കൂടെപ്പോയ സുഹൃത്തുക്കളുടെ മൊഴികൾ തമ്മിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത് സത്യസന്ധമായ അന്വേഷണം നടത്തി നാട്ടുകാർക്ക് പ്രിയങ്കരനായ മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിച്ചു കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതിനൽകി കാത്തിരിക്കുകയാണ് കുടുംബം. മഹേഷിന് നീതി കിട്ടുന്നവരെ പോരാടുമെന്ന് ഉറച്ച് തീരുമാനത്തിലാണ് നാട്ടുകാർ















