ജയശ്രീ റാം എന്നെഴുതിയതും ഭഗവാൻ ഹനുമാന്റെ ടാറ്റു ചെയ്തതും എനിക്ക് എല്ലായപ്പോഴും ശക്തി പകരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ വനിത ക്രിക്കറ്റ് ടീം ഓൾറൗണ്ടർ ദീപ്തി ശർമ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ദിവസമാണ് ലോകകപ്പ് നേടി, ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ വനിതാ ടീമംഗങ്ങൾ മോദിയെ സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാൺ മാർഗാണ് ഹൃദ്യമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവരുള്‍പ്പെടെയുള്ള ടീം അംഗങ്ങളും കോച്ച് അമോല്‍ മജുംദാറും ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസുമാണ് പ്രധാനമന്ത്രിയെ കണ്ടത്. രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി രണ്ട് മണിക്കൂറോളം പ്രധാനമന്ത്രിയുമായി താരങ്ങൾ സംവദിച്ചു. ചിരിയും തമാശകളും നിറഞ്ഞതായിരുന്നു ആ കൂടിക്കാഴ്ച. കളിക്കളത്തിലെ അവരുടെ ആവേശത്തെയും മനോദൈര്യത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ഇതിനിടെ ടീമിന്റെ മുൻനിര ബാറ്ററായ ഹർലീൻ ഡിയോൾ മോദിയോട് ചോദിച്ച ചോദ്യം എല്ലാവരിലും ചിരിപടർത്തി. ഇത്രയധികം ഉത്തരവാദിത്തതിനിടെയിലും എങ്ങനെയാണ് അങ്ങയുടെ ചർമപരിപാലനം നടക്കുന്നത്. അതിന്റെ റൂട്ടീൻ അറിയാൻ തങ്ങൾക്ക് ആഗ്രഹമുണ്ട് എന്നായിരുന്നു ചോദ്യം. താൻ കണ്ണാടി നോക്കുന്ന ആളല്ലെന്നും തന്റെ ഭാരതീയരുടെ സ്നേഹമാണ് അതിന് കാരണമെന്നും പ്രധാനമന്ത്രി പുഞ്ചിരിയോടെ മറുപടി നൽകി.
കൂടിക്കാഴ്ചയ്‌ക്കിടെ ടീമംഗങ്ങൾ ഒപ്പിട്ട ‘നമോ ജേഴ്സി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ടീമിന്റെ ശ്രദ്ധേയമായ തിരിച്ചുവരവിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. ലോകകപ്പിലെ കഠിനമായ തുടക്കത്തിന് ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ച മനക്കരുത്തും സ്ഥിരോത്സാഹവും അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സംസാരിച്ചുതുടങ്ങിയത് 2017-ലെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ്. അന്ന് ട്രോഫി ഇല്ലാതെ പ്രധാനമന്ത്രിയെ കണ്ട കാര്യം ഹർമൻപ്രീത് കൗർ ഓർത്തെടുത്തു. ഇന്ന് ട്രോഫിയുമായി പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇതുപോലെ ട്രോഫിയുമായി അദ്ദേഹത്തെ കൂടുതൽ തവണ കാണാൻ ആഗ്രഹിക്കുന്നതായും ഹർമൻപ്രീത് കൗർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകൾ തങ്ങൾക്കെന്നും പ്രചോദനമാണെന്ന് വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന പറഞ്ഞു. ഇന്ന് പെൺകുട്ടികൾ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ടെന്നും അത് പ്രധാനമന്ത്രി കാരണമാണെന്നും അവർ വ്യക്തമാക്കി.
ദീപ്തി ശർമ്മ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘ജയ് ശ്രീ റാം’ എന്ന് എഴുതിയതിനെക്കുറിച്ചും കൈയിൽ ഭഗവാൻ ഹനുമാന്റെ ടാറ്റൂ ചെയ്തതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. അത് തനിക്ക് ശക്തി നൽകുന്നുവെന്നായിരുന്നു ദീപ്തി ശർമയുടെ മറുപടി.
കായികതാരങ്ങളെ ആദരിച്ച പ്രധാനമന്ത്രി അവരുടെ വിജയകഥകൾ കേൾക്കുകയും അവരുടെ പ്രയത്നത്തെയും ആത്മവിശ്വാസത്തെയും പുകഴ്‌ത്തുകയും ചെയ്തു. മത്സരത്തിനിടെ പരിക്കേറ്റ പ്രതീക റാവൽ വീൽചെയറിലാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രതീകയ്‌ക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്ന പ്രധാനമന്ത്രി ഹൃദയസ്പർശിയായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ഞായറാഴ്ച നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം തങ്ങളുടെ കന്നി കിരീടം നേടിയത്. നോക്കൗട്ട് മത്സരങ്ങളില്‍ ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ പരാജയപ്പെടുത്തിയായിരുന്നു ഈ നേട്ടം. ചരിത്ര വിജയം സ്വന്തമാക്കി കിരീടത്തിൽ മുത്തമിട്ട താരങ്ങൾക്ക് ഡൽഹിയിൽ ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. താജ് പാലസ് ഹോട്ടലിൽ താരങ്ങളെ റോസാപ്പൂവിതളുകൾ നൽകി സ്വീകരിച്ചു. വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യമായാണ് ഇന്ത്യൻ ടീം ലോക ജേതാക്കളാവുന്നത്.















