ന്യൂഡൽഹി: രഹസ്യമായി ആണവായുധങ്ങൾ പരീക്ഷിക്കുന്ന രാജ്യങ്ങളിൽ പാകിസ്ഥാനും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. പതിറ്റാണ്ടുകളായി പാകിസ്ഥാൻ രഹസ്യമായാണ് ആണവായുധങ്ങൾ പരീക്ഷിക്കുന്നതെന്നും കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ എന്നിവ നടത്താറുണ്ടെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. പാകിസ്ഥാന്റെ ആണവ പരീക്ഷണത്തെ കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം.
റഷ്യ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അതിനാൽ തങ്ങളും പരീക്ഷിക്കാൻ പോവുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. 30 വർഷത്തിലേറെയായി അമേരിക്ക ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നും പാകിസ്ഥാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഭൂഗർഭ ആണവ പരീക്ഷണങ്ങൾ തുടർന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
ഈ പരാമർശത്തിന് പിന്നാലെ ട്രംപിന്റെ പ്രസ്താവന പാക് സുരക്ഷാ ഉദ്യോഗസ്ഥൻ നിഷേധിക്കുകയും ചെയ്തിരുന്നു. ആണവപരീക്ഷണങ്ങൾ നടത്തിയ ആദ്യ രാജ്യമല്ല തങ്ങളെന്നും അവ പുനരാരംഭിക്കുന്ന ആദ്യ രാജ്യവും തങ്ങളല്ലെന്നുമായിരുന്നു വാദം.















