പട്ന: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുളത്തിലിറങ്ങുകയും മീൻ പിടിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിൽ മത്സ്യബന്ധന മേഖല വികസിച്ചിട്ടുണ്ടെങ്കിലും ചിലർ ഇപ്പോൾ സംസ്ഥാനത്തെ കുളങ്ങളിൽ മുങ്ങൽ പരിശീലനം നടത്തുന്നുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സിതാമർഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ വെള്ളത്തിൽ മുങ്ങികുളിക്കുകയാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് അദ്ദേഹം പരിശീലിക്കുന്നത്. ബിഹാറിലെ സംസ്കാരത്തെയും പാരമ്പര്യത്തെയും അപമാനിക്കുന്നവരെ തെരഞ്ഞെടുപ്പിൽ ശിക്ഷിക്കണം. ബിഹാറിലെ യുവാക്കൾക്കായി എന്താണ് ആർജെഡിയും കോൺഗ്രസും ചെയ്യുന്നത്.
ബിഹാറിലെ കുട്ടികൾ കൊള്ളയടിക്കാരാകണോ അതോ ഡോക്ടറാകണോ. നമ്മുടെ കുട്ടികൾ കൊള്ളയടിക്കാരാകണം എന്ന് ചിന്തിക്കുന്നവരെ ജയിക്കാൻ അനുവദിക്കരുത്. ബിഹാറിൽ കുറ്റവാളികൾ പെരുകുകയാണ്. പിസ്റ്റളുകളുമായി എത്തി കൈകൾ ഉയർത്താൻ പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഹാൻഡ്സ് അപ്പ് അല്ല, സ്റ്റാർട്ടപ്പാണ് ബിഹാറിൽ വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.















