ന്യൂഡൽഹി: കെകേലി സമാധന പുരസ്കാരത്തിന് സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവി അർഹയായി. ഫ്രാൻസിലെ ഷാർത്രയിൽ ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ അമ്മയ്‌ക്ക് പുരസ്കാരം സമ്മാനിച്ചു. സമാധാനം, സാമൂഹ്യസേവനം, സ്നേഹം എന്നിവയ്‌ക്കായി പ്രവർത്തിക്കുന്നവർക്കുള്ള അന്തരാഷ്‌ട്ര പുരസ്കാരമാണ് കെകേലി.
സ്നേഹത്തിന്റെയും സാംസ്കാരിക സൗഹാർദ്ദത്തിന്റെയും ആഘോഷമായി മാറുകയാണ് അമ്മയുടെ യൂറോപ്യൻ സന്ദർശനം. ഫ്രാൻസിലെ ഷാർത്രയിൽ എത്തിയ അമ്മയ്‌ക്ക് സ്നേഹനിർഭരമായ വരവേൽപ്പാണ് ഒരുക്കിയത്. ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ആഫ്രിക്കൻ സാംസ്കാരിക പ്രൊമോട്ടർമാരുടെയും സംരംഭകരുടെയും ശൃംഖലയുടെ സ്ഥാപകനും, UNESCO അംഗീകാരം ലഭിച്ച World Day for African Culture ന്റെ ഉപജ്ഞാതാവുമായ ജോൺ അയീറ്റ് ഡോസ്സവിയാണ് അമ്മയ്‌ക്ക് പുരസ്കാരം സമ്മാനിച്ചത്.
ലോകത്തെ മുഴുവൻ ആശ്ലേഷിക്കുന്ന അമ്മയെ പുരസ്ക്കാരം നൽകി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ജോൺ അയീറ്റ് ഡോസ്സവി പറഞ്ഞു. അമ്മയുടെ പ്രവർത്തനങ്ങൾ വ്യക്തികളെ ഉണർത്തുകയും നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും ധാരണയുടെയും പാലം ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് സിംഗ്ള പറഞ്ഞു.
ഫ്രാൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖരായ നേതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ, സമാധാന പ്രവർത്തകർ എന്നിവരുടെ സംഗമത്തിന് കൂടി ഷാർത്രയിൽ നടന്ന മറ്റൊരു ചടങ്ങ് സാക്ഷ്യം വഹിച്ചു. ഫ്രാൻസിന്റെ മുൻ ഉന്നത വിദ്യാഭ്യാസം-ഗവേഷണ മന്ത്രിയും പാരീസ്-സക്ലായ് യൂണിവേഴ്സിറ്റിയുടെ മുൻ പ്രസിഡന്റുമായ സിൽവി റീറ്റൈലോ, ഫ്രാൻസിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ഈനം ഗംഭീർ , ഫ്രാൻസിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ യുവജനക്ഷേമ സ്ഥാപനങ്ങളിലൊന്നായ അപ്രന്റീസ് ഡി ഓട്ടോയിലിന് കീഴിലുള്ള ലെ സോട്ട് ഡു ലൂപ്പിന്റെ ഡയറക്ടർ ആന്റണി കോട്ടറോ എന്നിവരായിരുന്നു ചടങ്ങിൽ സംബന്ധിച്ച പ്രമുഖർ. ഇവരോടൊപ്പം ചേർന്ന് അമ്മ ലെസ് എയിൻസ് ഡു പ്ലെസിസ്’ എന്ന പുതിയ വയോജന പരിചരണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു.
അയുദ്ധ് യൂറോപ്പ്, അപ്രന്റീസ് ഡി ഓട്ടോയിൽ, അമ്മ ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ ഇറാസ്മസ് പ്രോഗ്രാം എന്നി യുവജന സംഘടനകൾ ചേർന്ന് വിവിധസഹകരണങ്ങൾക്ക് തുടക്കം കുറിക്കുന്ന വേദിയായി ചടങ്ങ് മാറി. അമ്മയുടെ ഫ്രഞ്ച് ആശ്രമങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്ന മുതിർന്ന ശിഷ്യരിൽ ഒരാളായ സ്വാമിനി അമൃതജ്യോതി പ്രാണ എഴുതിയ “ഹാപ്പിനസ് ഈസ് എ ഡിസിഷൻ” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും നടന്നു. തുടർന്ന് ആയിരക്കണക്കിന് ഭക്തരെ ആലിംഗനം ചെയ്തതിന് ശേഷം അമ്മ അടുത്ത പരിപാടി നടക്കുന്ന ജർമനിയിലെ മ്യൂണിക്കിലേക്ക് യാത്ര തുടർന്നു.















