ന്യൂഡൽഹി: ബിഷ്ണോയി സംഘാംഗങ്ങൾ വിദേശത്ത് പിടിയിൽ. യുഎസിലും ജോർജിയയിലുമായി രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സുരക്ഷാ ഏജൻസികളും ഹരിയാന പൊലീസും സംയുക്തമായി നടത്തിയ അന്താരാഷ്‌ട്ര ഓപ്പറേഷനിലാണ് കൊടുംകുറ്റവാളികൾ പിടിയിലായത്.
ഹരിയാനയിലെ കുപ്രസിദ്ധ ഗുണ്ടയായ കപിൽ സാങ് വാനാണ് ജോർജിയയിൽ പിടിയിലായത്. ഇയാളെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഹരിയാന സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം ജോർജിയയിലെത്തി. ഗുരുഗ്രാമിൽ ബിഎസ്പി നേതാവിന്റെ കൊലപതകത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് ഇയാൾ. സംഭവത്തിന് പിന്നാലെ ജോർജിയയിൽ ഒളിവിൽ പോവുകയായിരുന്നു.
യുഎസിൽ നിന്ന് ഹരിയാന സ്വദേശിയും ഗുണ്ടാസംഘാംഗവുമായ ഭാനുറാണയെയാണ് കസ്റ്റഡിയിലെടുത്തത്. വരും ദിവസങ്ങൾക്കുള്ളിൽ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും. ഭാനു റാണയുമായി ബന്ധപ്പെട്ട ക്രിമിനൽ ശ്യംഖല ഹരിയാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
യുഎസിലെ റാണയുമായി ബന്ധമുള്ള ആളുകളെ ചോദ്യം ചെയ്തുവരികയാണ്. റാണയുടെ നിരവധി സഹായികൾ ഇന്ത്യയിൽ അറസ്റ്റിലായിട്ടുണ്ട്.















