ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി ആയുധങ്ങളും മാരകമായ വിഷവസ്തുക്കളും എത്തിച്ച സംഭവത്തിൽ ഹൈദരാബാദ് സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ. ഗുജറാത്ത് ഭീകര വിരുദ്ധ സേനയുടെ പിടിയിലായ അഹമ്മദ് മൊഹിയുദ്ദീൻ (35) സെയ്ദ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാളുടെ കയ്യിൽ നിന്നും നാലു കിലോയോളം റിസൺ എന്ന ജൈവായുധം പിടിച്ചെടുത്തു. അന്താരാഷ്‌ട്ര രാസ, ജൈവ ആയുധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷവസ്തുവാണ് റിസിൻ. ചൈനയിൽ നിന്നാണ് ഇയാൾ മെഡിക്കൽ ബിരുദം നേടിയത്.
കൂടാതെ മൂന്ന് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ സഹായികളായ യുപി സ്വദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തയ്യൽക്കാരനായ ആസാദ് സുലൈമാൻ ഷെയ്ഖ് (20), കോളജ് വിദ്യാർത്ഥിയായ മുഹമ്മദ് സുഹെൽ (23) എന്നിവരെയാണ് പിടികൂടിയത്. അഫ്ഗാൻ സ്വദേശിയായ അബു ഖദീജയാണ് ജൈവായുധം ഡ്രോൺ വഴി എത്തിക്കാൻ സഹായിച്ചത്. ഇ യാൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ജൈവായുധം ഉപയോഗിച്ച് ഇവർ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് ജൈവായുധം ഏതെങ്കിലും തരത്തിൽ ശരീരത്തിൽ പ്രവേശിച്ചാൽ അവർ ഇഞ്ചിഞ്ചായി മരിക്കും. ശരീരത്തിന്റെ പ്രോട്ടീൻ നഷ്ടപ്പെട്ട് ആന്തരീകവയവങ്ങൾ പതുക്കെ പ്രവർത്തനം നിർത്തുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ആവണക്കെണ്ണ വേർതിരിച്ചെടുത്തതിനുശേഷം ലഭിക്കുന്ന മാലിന്യത്തിൽ നിന്നാണ് റിസിൻ ശേഖരിക്കുന്നത്,
ഐഎസുമായി ചേർന്ന് രാജ്യത്ത് സ്ഫോടനങ്ങൾ നടത്താനും സംഘം പദ്ധതിയിട്ടിരുന്നെന്ന് എടിഎസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) സുനിൽ ജോഷി പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.















