തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ട്രിച്ചി പോലീസ് ക്വാർട്ടേഴ്‌സിനുള്ളിൽകയറി ഒരാളെ ഗുണ്ടാ സംഘം വെട്ടിക്കൊന്നു. ഭീമനഗർ സ്വദേശിയായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ താമരചെൽവൻ ആണ് കൊല്ലപ്പെട്ടത്. മാർസിങ്പേട്ടിനടുത്ത് നിന്നും ഇയാളെ അഞ്ചംഗ സംഘം പിന്തുടര്‍ന്നതായി റിപ്പോർട്ടുണ്ട്. രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിൽ, സമീപത്തെപോലീസ് ക്വാർട്ടേഴ്‌സിലേക്ക് അഭയം തേടി അയാൾ ഓടിക്കയറി. എന്നാൽ അയാളെ പിന്തുടർന്നെത്തിയ അക്രമികൾ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അയാൾ കൊല്ലപ്പെട്ടു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഔദ്യോഗിക പരിപാടികൾക്കായി നഗരത്തിൽ എത്തിയ അതേ ദിവസമാണ് കൊലപാതകം നടന്നത്. വിവരം ലഭിച്ചയുടൻപോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ട്രിച്ചി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരനായ താമരചെൽവനും സതീഷും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തർക്കത്തിനിടെ താമരചെൽവൻ സതീഷിനെ മർദ്ദിച്ചതായും പ്രതികാരമായി ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തതായും പറയപ്പെടുന്നു. കൊലപാതകത്തിൽ പങ്കുള്ള സതീഷ്, പ്രകാശൻ, നന്ദു, ഗണേശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.















