ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുണ്ടായ കാർ സ്‌ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഡൽഹിയിലെ ചാന്ദ്നി ചൗക്ക് മാർക്കറ്റാണ് ഭീകരർ ലക്ഷ്യമിട്ടതെന്നാണ് കണ്ടെത്തൽ. ഐഇഡി ആക്രമണത്തിനും ഭീകരർ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സ്‌ഫോടന സമയത്ത് കാർ ഓടിച്ചിരുന്ന മുഹമ്മദ് ഉമറാണ് പ്രധാന പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഭീകരവാദ സംഘടനകളുമായി ഉമറിന് ബന്ധമുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു. അതേസമയം, ചാവേറാക്രമാണ് നടന്നതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. സ്ഫോടനത്തിന് നിമിഷങ്ങൾക്ക് മുമ്പ് ഉമർ കറുത്ത മുഖംമൂടി ധരിച്ച് വാഹനമോടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ജെയ്ഷെ മുഹമ്മദ് ഭീകരരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഫാരിദാബാദിൽ പിടികൂടിയ ഡോക്ടർമാരുമായും ഈ സ്ഫോടനത്തിന് ബന്ധമുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ കൂട്ടാളികൾ അറസ്റ്റിലായതോടെയാണ് ഉമർ സ്ഫോടനം നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.















