ന്യൂഡൽഹി: പാകിസ്താനിലെ ഇരട്ട ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ഷെഹബാസ് ഷെരീഫിന്റെ ആരോപണത്തിന് ചുട്ട മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സ്വന്തം പൗരന്മാരെ പറ്റിക്കാനുള്ള പതിവ് തന്ത്രമാണിതെന്നാണ് ഇന്ത്യയുടെ പരിഹാസം. അന്താരാഷ്‌ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും പാക് തന്ത്രങ്ങളിൽ ലോക രാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വൾ പറഞ്ഞു.
ഇന്നലെ ഇസ്ലാമാബാദ് കോടതിക്ക് സമീപം 12 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനത്തിലും വാനയിലെ കേഡറ്റ് കോളജിൽ നടന്ന ആക്രമണങ്ങൾക്കും പിന്നിൽ ഇന്ത്യയാണെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ ആരോപണം.
പാകിസ്ഥാൻ തലസ്ഥനമായ ഇസ്ലാമാബാദിലെ കോടതിക്ക് പുറത്തുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ സൗത്ത് വസീറിസ്ഥാനിൽ പാകിസ്ഥാൻ സൈന്യംനടത്തിയ ഓപ്പറേഷനിടെയും സ്ഫോടനമുണ്ടായിരുന്നു. രണ്ട് സൈനികരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ (ടിടിപി) ഏറ്റെടുത്തിരുന്നു. അനിസ്ലാമിക വിധികൾ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെയും അഭിഭാഷകരെയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ടിടിപി അവകാശപ്പെട്ടിരുന്നു.അക്രമി കോടതി സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിച്ചു, എന്നാൽ അത് പരാജയപ്പെട്ടതിനെത്തുടർന്ന് ഗേറ്റിന് സമീപം ചാവേറാക്രമണം നടത്തുകയായിരുന്നു എന്നാണ് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞത്.















