പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയാണ് നട തുറന്നത്. പതിനെട്ടാം പടിയിറങ്ങി അരുൺ കുമാർ നമ്പൂതിരി ആഴിയിലേക്ക് അഗ്നി പകർന്നു. നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി എന്നിവർ അരുൺകുമാർ നമ്പൂതിരിയുടെ കൈ പിടിച്ച് പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി.
നാളെ പുലർച്ചെ മൂന്നിന് ശബരിമല, മാളികപ്പുറം നടകൾ പുതിയ മേൽശാന്തിമാർ തുറക്കുന്നതോടെ തീർത്ഥാടനത്തിന് തുടക്കമാവും. എല്ലാ ദിവസവും പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ രാത്രി 11 മണി വരെയുമാണ് ദർശനം. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദർശനത്തിനായി സന്നിധാനത്തെത്തിയത്.
വെര്‍ച്യുല്‍ ക്യൂ ബുക്കിംഗിന് ഡിസംബര്‍ രണ്ട് വരെ ഒഴിവില്ല. 70,000 പേരാണ് ഡിസംബർ രണ്ട് വരെ വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. 20,000 പേർത്ത് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താം.















