ന്യൂഡൽഹി: പാകിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഏത് തരത്തിലുള്ള ഭീകരതയും നേരിടാന്‍ സെെന്യം സജ്ജമാണെന്നും ഭീഷണികളൊന്നും വിലപോവില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“രക്തവും ജലവും ഒരുമിച്ച് ഒഴുക്കുക അസാധ്യം. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടം മാത്രമാണ് കഴിഞ്ഞത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി ഉണ്ടായിരിക്കും. ഓപ്പറേഷൻ സിന്ദൂർ വെറുമാെരു ട്രെയിലർ മാത്രമാണ്.
ഭാവിയിൽ ഏത് സാഹചര്യവും നേരിടാൻ ഞങ്ങൾ തയാറാണ്. ഏത് ദൗത്യത്തിനും കര, വ്യോമ, നാവികസേനയുടെ ഏകോപനം ആവശ്യമാണ്. എല്ലാവരും ഒരുമിച്ച് പോരാടണം. നാല് വർഷം വരെ നീണ്ടുനിൽക്കുന്ന യുദ്ധങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഭാരതത്തിന് ഉറപ്പാക്കാനാവും”.
യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന് നമുക്ക് പറയാൻ കഴിയില്ല. ഓപ്പറേഷൻ സിന്ദൂറിൽ 88 മണിക്കൂർ പോരാടി. അടുത്ത തവണ നാല് മാസമോ നാല് വർഷമോ ആകാം. അതിന് ആവശ്യമായ സാധനങ്ങളും ആയുധങ്ങളും നമ്മുടെ പക്കലുണ്ടാകണം. ഇല്ലെങ്കിൽ നമ്മൾ അതിനായി തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















