ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധശിക്ഷയ്‌ക്ക് വിധിച്ച ധാക്ക കോടതിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യ. ഒരു അയൽരാജ്യം എന്ന നിലയിൽ ബംഗ്ലാദേശിന്റെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയ്‌ക്ക് വേണ്ട ശ്രമം തുടരുമെന്നും ഇതിന്റെ ഭാഗമായി എല്ലാ കക്ഷികളോടും ആശയവിനിമയം നടത്തുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കോടതിയുടെ ശിക്ഷാവിധിക്ക് പിന്നാലെ ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ജൂലൈയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പാലായനം ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ഹസീനയെ കൈമാറാൻ ബംഗ്ലാദേശ് ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടായിരുന്നില്ല.
ബംഗ്ലാദേശ് കലാപക്കേസിലാണ് ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചത്. ധാക്ക അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റേതായിരുന്നു വിധി. കൊലപാതകത്തിന് ഉത്തരവിടൽ, അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെടൽ തുടങ്ങിയ കുറ്റങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയത്. വധശിക്ഷ പൂർണമായും പക്ഷപാതപരവും, രാഷ്‌ട്രീയ പ്രേരിതവും, നിയമവിരുദ്ധവുമാണെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു.















