തിരുവനന്തപുരം: ശബരിമലയിൽ കാെള്ളയും ആചാരലംഘനവും നടത്താൻ മാത്രമേ പിണറായി സർക്കാരിന് താത്പര്യമുള്ളൂവെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. കുടിവെള്ളം പോലും ഇല്ലാതെ തീർത്ഥാടകർ കുഴഞ്ഞുവീഴുന്ന സാഹചര്യം ഉണ്ടായിട്ടും സംവിധാനങ്ങൾ നോക്കുകുത്തിയാണെന്നും വൻ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. ശബരിമലയിൽ ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതിൽ പൊലീസ് സംവിധാനങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്വർണക്കൊള്ള എങ്ങനെ ഒതുക്കാമെന്ന ഗവേഷണത്തിലായിരുന്നു ദേവസ്വം ബോർഡ്. മണ്ഡലകാല തീർത്ഥാടനത്തിന് സർക്കാർ യാതൊരു മുന്നൊരുക്കവും നടത്താത്തതിനാലാണ് ഭക്തർ വലയുന്നത്. ക്യൂ കോംപ്ലക്സുകളുടെ ഉദ്ദേശം നടപ്പായിട്ടില്ല. ആവശ്യത്തിന് പൊലീസുകാരില്ല. സർക്കാരും ദേവസ്വം ബോർഡും എന്താണ് ചെയ്യുന്നത്.
അയ്യപ്പന്റെ സ്വത്ത് അപഹരിക്കാനും ആചാരം ലംഘിക്കാനും മാത്രം താൽപ്പര്യപ്പെടുന്ന നിരീശ്വരവാദികൾക്ക് വിശ്വാസികൾ മറുപടി നൽകും. കോടികൾ മുടക്കി പ്രമാണിമാർക്കായി അയ്യപ്പസംഗമം നടത്തിയ പിണറായി സർക്കാർ ഭക്തരെ അവഗണിക്കുകയാണ്. ഭക്തർക്ക് മുമ്പും പമ്പയിൽ നിന്ന് മാല അഴിച്ചുതിരിച്ചുപോകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഈ വർഷം ഒരു തയാറെടുപ്പും നടന്നില്ലെന്നും വി മുരളീധരൻ പറഞ്ഞു.















