ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ആസൂത്രണം ചെയ്തത് ഹമാസ് മോഡൽ ആക്രമണം. ഹമാസ് ഭീകരർ ഇസ്രയേലിന് നേരെ നടത്തിയ ഭീകരാക്രമണത്തിന് സമാനമായി ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ ചാവേർ ഉമർ നബിയുടെ സുഹൃത്ത് ജാസിർ ബിലാൽവാനിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ഭീകരാക്രമണം നടത്തുന്നതിനായി ബിലാൽ വാനി റോക്കറ്റും ഡ്രോണും നിർമിക്കാൻ പദ്ധതിയിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉമറിനെ സഹായിച്ച സംഭവത്തിൽ കശ്മീരി സ്വദേശിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബിലാലിനെയും പിടികൂടിയത്.
അതേസമയം, ഭീകരാക്രമണത്തിന് മുമ്പ് ഉമർ നബി പകർത്തിയ വീഡിയോ പുറത്തുവന്നു. രണ്ട് മാസം മുമ്പ് ഉമർ സ്വയം റെക്കോർഡ് ചെയ്ത വീഡിയോയാണ് പുറത്തുവന്നത്. മരിക്കാൻ ഒരാൾ തയാറെടുക്കുന്നത് രക്ഷസാക്ഷിത്വമാണെന്നും ചാവേർ ആക്രമണമെന്ന് പറയുന്നത് തെറ്റാണെന്നുമാണ് ഉമറിന്റെ വീഡിയോയിൽ പറയുന്നത്.















