ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാംനാഥ് ഗോയങ്കെ പ്രഭാഷണത്തെ പ്രശംസിച്ച കോൺഗ്രസ് എം പി ശശി തരൂറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. എന്തിനാണ് കോൺഗ്രസിൽ പ്രവർത്തിക്കുന്നതെന്നും എംപി ആയതുകൊണ്ടാണോ ഇവിടെ നിൽക്കുന്നതെന്നും ദീക്ഷിത് പറഞ്ഞു. ശശി തരൂരിനെ ഹിപ്പോക്രാറ്റ് എന്നാണ് ദീക്ഷിത് വിളിച്ചത്.
തരൂരിന്റെ പരാമർശങ്ങൾ പാർട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ വിശ്വസ്തയിൽ സംശയങ്ങളുണ്ടെന്നും സന്ദീപ് പറഞ്ഞു. രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കിൽ ആ രാഷ്‌ട്രീയം പിന്തുടരുകയാണ് വേണ്ടത്. എന്തിനാണ് കോൺഗ്രസിൽ തുടരുന്നത്. എംപി ആയത് കൊണ്ട് മാത്രമാണോയെന്നും ദീക്ഷിത് ചോദിച്ചു.
കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും ശശി തരൂറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ തന്റെ അനുഭവം വിവരിച്ച കുറിപ്പാണ് കോൺഗ്രസിൽ അതൃപ്തിക്കിടയാക്കിയത്.
വികസനത്തിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ആവേശത്തെ കുറിച്ച് ശശി തരൂർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയെ പ്രശംസിച്ച് നേരത്തെയും തരൂർ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസും തരൂരുമായുള്ള ബന്ധം വഷളായിരുന്നു.















