ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനമാണ് പദ്ധതിയിട്ടിരിക്കുന്നത്. നവംബർ 23 വരെ പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ഉണ്ടായിരിക്കും.
സൗത്ത് ആഫ്രിക്കയിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണിത്. ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന ഇന്ത്യ-ബ്രസീൽ- സൗത്ത് ആഫ്രിക്ക നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന ഭാരതത്തിന്റെ കാഴ്ചപ്പാടായ വസുധൈവ കുടുംബകത്തെ കുറിച്ച് ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് യാത്ര പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോളവിഷയങ്ങളെ കുറിച്ച് ഭാരതത്തിന്റെ നിലപാടുകൾ പ്രധാനമന്ത്രി അവതരിപ്പിക്കും. പ്രതിരോധം, സമ്പദ് വ്യവസ്ഥ, വ്യാപാരം, വികസനം, ധനസഹായം എന്നിവയെ കുറിച്ച് ഉച്ചകോടിയിൽ വിശദീകരിക്കും.
ജി20 ഉച്ചകോടിയുടെ ഭാഗമായി ജോഹന്നാസ്ബർഗിൽ സന്നിഹിതരായ നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും.















