ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട കുൽഗാം ഡോക്ടർ മുസാഫർ അഹമ്മദ് റാത്തർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി സൂചന. ഇയാൾക്കായി ജമ്മുകശ്മീർ പൊലീസും സംസ്ഥാന അന്വേഷണ ഏജൻസിയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഖാസിഗുണ്ട് സ്വദേശിയായ മുസാഫിർ കേസിലെ പ്രധാന പ്രതിയാണ്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരർക്കും വൈറ്റ് കോളർ സംഘങ്ങൾക്കുമിടയിൽ കണ്ണിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് മുസാഫിറെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ ഇയാൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. മുസാഫിറിന് അൽഫലാഹ് സർവകലാശാലയുമായും അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
വൈറ്റ് കോളർ ഭീകരവാദം പുറത്തുവന്നതിന് പിന്നാലെ മുസാഫിർ ഉൾപ്പെടെ നാല് പേരുടെ വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മുസാഫിറിന്റെ സഹോദരൻ അദീൽ റാത്തറിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജെയ്ഷെ ഭീകരരുടെ പ്രധാന ഗൂഢാലോചനക്കാരനാണ് ഇയാൾ.















