ന്യൂഡൽഹി: 1990-ൽ നാല് വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ ജമ്മുകശ്മീർ ഭീകരൻ യാസിൻ മാലിക്കിന് തിരിച്ചടി. ആക്രമണം നടത്തിയത് യാസിൻ മാലിക്കിണെന്ന് സാക്ഷികൾ തിരിച്ചറിഞ്ഞു. യാസിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെയും പ്രതികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്രോസ് വിസ്താരം നടത്തുന്നതിനിടെയാണ് ദൃക്സാക്ഷികൾ ഇക്കാര്യം തുറന്നുപറഞ്ഞത്. താടിയുടെ കാര്യം ഒഴിച്ചാൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും സൈനികരെ കൊലപ്പെടുത്തിയത് നിങ്ങളാണെന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു.
സന്നത്ത് നഗറിലാണ് വെടിവയ്പ്പ് നടന്നത്. ഷൗക്കത്ത് ബക്ഷി, നന്ന ജി, ജാവേദ് അഹമ്മദ് എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിലൊരാൾ തനിക്ക് നേരെ തോക്ക് ചൂണ്ടിയതായും വെടിയുതിർക്കാൻ തുനിഞ്ഞതായും ദൃക്സാക്ഷിയായ യുവാവ് പറഞ്ഞു. ഗുരുതര പരിക്കേറ്റ രക്തത്തിൽ കുളിച്ചുകിടന്ന സൈനികരെ ആശുപത്രിയിൽ എത്തിച്ചതിനെ കുറിച്ചും ഇരുവരും ഓർത്തെടുത്തു.
ഭീകരവാദ ധനസഹായ കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മാലിക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ ഹാജരായത്. 35 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ നടന്നത്.















