കൊച്ചി: ക്ഷേത്ര ഉത്സവങ്ങളെ കലുഷിതമാക്കാൻ ദേവസ്വം ബോർഡുകളുടെ ഗൂഢനീക്കം. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ ചുമതലപ്പെടുത്തി. ഉത്സവ ഡ്യൂട്ടിക്ക് മതിയായ പൊലീസുകാരില്ലെന്ന കാരണം പറഞ്ഞാണ് കായികമായി പോലും ആളുകളെ നേരിടുന്ന ബൗൺസർമാരെ തിരക്ക് നിയന്ത്രിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് നിയമിച്ചിരിക്കുന്നത്. മറ്റ് ക്ഷേത്രങ്ങളിലും ഇത് വ്യാപിപ്പിക്കാനാണ് ബോർഡിന്റെ ശ്രമം.
നിലവിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവം നടക്കുകയാണ്. വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നുണ്ട്. ഇത് നിയന്ത്രിക്കാനാണ് ബൗൺസർമാർ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന തൃക്കേട്ട പുറപ്പാടിനിടെ ബൗൺസർമാർ ഭക്തജനങ്ങളെ പിടിച്ച് തള്ളുകയും ക്ഷേത്രത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
താരങ്ങളുടെ പരിപാടിയിൽ ആളുകളെ കൈക്കരുത്ത് കൊണ്ട് നേരിടുന്നവരാണ് ബൗണസർമാർ. കൂടാതെ ബാർ അടക്കമുള്ള ഇടങ്ങളിൽ തല്ലുകൂടുന്നവരെ പുറത്താക്കാനും ഇവരെ നിയമിക്കാറുണ്ട്. ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ ലഭിക്കാതെ വരുമ്പോൾ മുൻ വർഷങ്ങളിൽ ഭക്തജന കൂട്ടായ്മകളാണ് ഇക്കാര്യങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്നത്. വലിയ തുകയ്‌ക്ക് ബൗണസർമാരെ നിയമിക്കുന്നത് അഴിമതിക്കുള്ള ശ്രമമാണെന്ന് ആരോപണവും ഉയരുന്നുണ്ട്. ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ ഭക്തജന സംഘടനകളും ഹിന്ദു ഐക്യവേദിയടക്കമുള്ള ഹൈന്ദവ സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.















