അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ധ്വജാരോഹണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെയും യുപി മുഖ്യമന്ത്രിയും ഖോരഖ്പൂർ മഠാധിപതിയുമായ യോഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിലായിരുന്നു ധ്വജാരോഹണം. രാമക്ഷേത്രത്തിന്റെ 191 അടി ഉയരമുള്ള ഗോപുരത്തിലാണ് പത്ത് അടി ഉയരവും ഇരുപത് അടി നീളവുമുള്ള കാവി പതാക ഉയർത്തിയത്.
“നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുറിവുകളും വേദനകളും ഇന്ന് ഭേദമായിരിക്കുന്നു. 500 വർഷം പഴക്കമുള്ള ഒരു ദൃഢനിശ്ചയം സാക്ഷാത്കരിക്കപ്പെടുന്നു. 500 വർഷമായി കത്തി ജ്വലിച്ചിരുന്ന ഒരു പുണ്യ യജ്ഞത്തിന്റെ പരിസമാപ്തിയായിരിക്കുന്നു” ഭക്തരെയും വിശിഷ്ട വ്യക്തികളെയും അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
മാർഗശീർഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ശുഭപഞ്ചമി ദിനത്തിലാണ് ധ്വജാരോഹണം നടന്നത്. ശ്രീരാമന്റെയും സീതയുടേയും വിവാഹ പഞ്ചമിയുമായി ഒത്തുചേരുന്ന അഭിജിത്ത് മുഹൂർത്തത്തിലാണ് ചടങ്ങ്. കൂടാതെ ഗുരു തേജ് ബഹാദൂർ ജിയുടെ രക്തസാക്ഷിത്വ ദിനം കൂടിയാണ് ഇന്ന്.
സാംസ്കാരിക ആഘോഷത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ഒരു പുതിയ യുഗത്തിന്റെ ഉദയത്തിന്റെയും പ്രതീകമായാണ് ധ്വാജാരോഹണത്തെ കരുതുന്നത്. രാമരാജ്യത്തിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്നതാണ് ത്രികോണാകൃതിയിലുള്ള പതാക. ശ്രീരാമ ഭഗവാന്റെ വീര്യവും ത്യാഗവും പ്രതിനിധാനം ചെയ്യുന്ന തേജസുള്ള സൂര്യന്റെ ചിത്രവും കോവിദാര വൃക്ഷത്തിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. 2024 ജനുവരിയിലാണ് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടത്തിയത്. ബാക്കിയുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയാണ് ധ്വജാരോഹണം നടത്തിയത്.















