ബെംഗളൂരു: മുഖ്യമന്ത്രി കസേരയ്‌ക്ക് വേണ്ടിയുള്ള കർണാടകയിലെ കോൺഗ്രസ് നേതാക്കളുടെ തമ്മിലടിയെ പരഹസിച്ച് ബിജെപി. സംസ്ഥാന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലക്ഷ്യമിട്ട് എഐ വീഡിയോ പുറത്തിറക്കി. മുഖ്യമന്ത്രി കസേര ഓൺലൈനായി വാങ്ങാൻ ശ്രമിക്കുന്ന ഡികെ ശിവകുമാറിനെ വീഡിയോയിൽ കാണാം. കസേര വാങ്ങാൻ നോക്കുന്നതും എന്നാൽ സ്റ്റോക്ക് അവസാനിച്ചതോടെ നിരാശനാകുന്നതുമാണ് വീഡിയോയിലുള്ളത്.
നിലപാടില്ലാത്ത ശക്തിയില്ലാത്ത നേതാവായി ഖാർഗെ മാറിയിരിക്കുകയാണെന്ന് ബിജെപി നേതാവ് സഗയ് രാജ് പറഞ്ഞു. സംസ്ഥാന കോൺഗ്രസ് നേതാക്കളെ പരിഹസിച്ചുകൊണ്ടുള്ള എഐ നിർമിത വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. പ്രതിസന്ധി നിലനിൽക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എവിടെയെന്ന ചോദ്യവും ഉയരുന്നുണ്ട്. വിഷയത്തിൽ ഇടപെടാനോ നിലപാട് വ്യക്തമാക്കാനോ രാഹുൽ തയാറായിട്ടില്ല.
രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി മാറ്റം വേണമെന്നത് രഹസ്യധാരണയാണെന്നും ഇത് പാർട്ടിയിലെ ഏതാനും നേതാക്കൾക്ക് മാത്രമാണ് അറിയാവുന്നതെന്നും ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ മാറ്റുന്നതിൽ ഹൈക്കമാൻഡാണ് തീരുമാനം എടുക്കേണ്ടതെന്നാണ് സിദ്ധരാമയ്യയുടെ വാദം. ഇതോടെ പ്രശ്നം കൂടുതൽ സങ്കീർമായിരിക്കുകയാണ്.















