ന്യൂഡൽഹി: ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തും. ഡിസംബർ നാല്, അഞ്ച് തീയതികളിലാണ് പുടിൻ ഭാരതത്തിലെത്തുന്നത്. സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തമാക്കുക ലക്ഷ്യമിട്ടായിരിക്കും നേതാക്കളുടെ കൂടിക്കാഴ്ച.
യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 2021-ലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ഡിസംബർ അഞ്ചിന് നടക്കുന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിരവധി കരാറുകൾക്കും ധാരണയാകും. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും തന്ത്രപ്രധാനമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള അവസരമായിരിക്കും പുടിന്റെ സന്ദർശനം.
രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും പുടിൻ കൂടിക്കാഴ്ച നടത്തും. രാഷ്‌ട്രപതി ഭവനിൽ പുടിന് പ്രത്യേക വിരുന്ന് സൽക്കാരവും ഒരുക്കും.















