ചെന്നൈ: ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. തിരുപ്പത്തൂരിന് സമീപത്താണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 40 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്കും കാരൈക്കുടിയിൽ നിന്ന് മധുരയിലേക്കും പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിരവധി യാത്രക്കർ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും ബസ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരിൽ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
മരണസംഖ്യ ഉയർന്നേക്കാമെന്നാണ് വിവരം. അപകടകാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.















