ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്ഐ ഭീകരരുമായി ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഭീകരരെ പിടികൂടിയത്. കഴിഞ്ഞയാഴ്ച പഞ്ചാബിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ പ്രതികളാണ് ഇവർ. ഐഎസ്ഐയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ഗുണ്ടാസംഘം ഷഹസാദ് ഭട്ടിയുമായി അറസ്റ്റിലായവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി.
പഞ്ചാബ് സ്വദേശിയായ ഹർമുൻപ്രീത്, മദ്ധ്യപ്രദേശ് സ്വദേശി വികാസ്, ഉത്തർപ്രദേശ് സ്വദേശി ആസിഫ് എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായവരിൽ നിന്ന് നിരവധി മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. രഹസ്യാന്വേഷണ വീഡിയോകൾ, ചാറ്റുകൾ, ശബ്ദസന്ദേശങ്ങൾ എന്നിവ ശേഖരിച്ചു. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഭീകരർ ഗുണ്ടാസംഘാഗങ്ങളുമായി ബന്ധപ്പെട്ടിരുന്നത്.
ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെ കൊലപ്പെടുത്താൻ പാക് ഭീകരർ പദ്ധതിയിട്ടിരുന്നതായി ഡൽഹി പൊലീസ് പറഞ്ഞു. നിരവധി തവണ ഭട്ടി സംഘത്തിൽ നിന്നും അൻമോൽ ബിഷ്ണോയിക്ക് വധഭീഷണി ഉണ്ടായിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.
നവംബർ 25-നാണ് ഗുരുദാസ്പൂർ ഗ്രനേഡ് ആക്രമണം നടന്നത്. ഈ ആക്രമണത്തിൽ അറസ്റ്റിലായവർക്ക് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടയർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.















