തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഐടി ആക്ട് ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാഹുലിനെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. അതിജീവിതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാഹുലിന്റെ ലാപ്ടോപ്പും, ഫോണും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. അതിജീവിതയുടെ പരാതിയെ തുടർന്ന് ഇന്ന് വൈകിട്ടാണ് രാഹുലിനെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചാനൽ ചർച്ചയ്‌ക്കിടെയാണ് അതിജീവിതയെ കുറിച്ചുള്ള വിവരങ്ങൾ രാഹുൽ ഈശ്വർ പുറത്തുവിട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെയും രാഹുൽ ഈശ്വർ അതിജീവിതക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്നാണ് യുവതി പരാതി നൽകിയത്.















